ദുബായില്‍ ടാക്സിയാകാന്‍ ടെസ്ല
February 16,2017 | 01:18:14 pm
Share this on

യു എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്‍കോര്‍പറേറ്റഡില്‍ നിന്ന് 200 വാഹനങ്ങള്‍ വാങ്ങുമെന്നു ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിട്ടി (ആര്‍ ടി എ) പ്രഖ്യാപിച്ചു. ഗള്‍ഫ് മേഖലയിലെ ആദ്യ ഓഫിസ് ദുബായില്‍ തുറക്കുമെന്നു ടെസ്ല വ്യക്തമാക്കിയ പിന്നാലെയാണ് ആര്‍ ടി എയുടെ പ്രഖ്യാപനവുമെത്തിയത്. എമിറേറ്റില്‍ ടാക്സി സര്‍വീസ് നടത്തുന്ന ദുബായ് ടാക്സി കോര്‍പറേഷന്റെ ഉപയോഗത്തിനായി സെഡാനായ 'മോഡല്‍ എസ്', സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ 'മോഡല്‍ എക്സ്' എന്നിവയാണ് ആര്‍ ടി എ വാങ്ങുക. ദുബായില്‍ നടക്കുന്ന ഉച്ചകോടിക്കിടെ ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്കും ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തയേറുമായി ഇതുസംബന്ധിച്ച ധാരണാപത്രവും ഒപ്പിട്ടു.

ഇതേ ഉച്ചകോടിയിലാണു ദുബായില്‍ ടെസ്ലയുടെ ഓഫിസ് ആരംഭിക്കുന്ന വിവരം മസ്ക് വെളിപ്പെടുത്തിയത്. അതിനിടെ ഇക്കൊല്ലം തന്നെ ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നു ടെസ്ല നേരത്തെ സൂചിപ്പിച്ചിരുന്നു. 'മിക്കവാറും ഈ വേനല്‍ക്കാലത്തു തന്നെ' ഇന്ത്യയിലെത്തുമെന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. വൈദ്യുത കാര്‍ വില്‍പ്പനയ്ക്കപ്പുറം സൗരോര്‍ജ മേല്‍ക്കൂര, പവര്‍ പായ്ക്ക്, പവര്‍ വാള്‍ തുടങ്ങിയ മേഖലകളിലൊക്കെ ടെസ്ല ഇന്ത്യയില്‍ വിപണന സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.അടുത്ത വര്‍ഷം മധ്യത്തോടെ വില്‍പ്പനയ്ക്കെത്തുമെന്നു കരുതുന്ന പുത്തന്‍ വൈദ്യുത സെഡാനായ 'മോഡല്‍ ത്രീ 'ക്കുള്ള ഓര്‍ഡറുകള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ തന്നെ ടെസ്ല ഇന്ത്യയില്‍ നിന്നും സ്വീകരിക്കുന്നുണ്ട്. കാറിന്റെ വില 35,000 ഡോളര്‍(ഏകദേശം 23.41 ലക്ഷം രൂപ) നിലവാരത്തിലാവുമെന്നാണു പ്രതീക്ഷ.
തുടക്കത്തില്‍ സ്വന്തം നാടായ യു എസിലാവും 'മോഡല്‍ ത്രീ ' വില്‍പ്പനയ്ക്കെത്തുക; തുടര്‍ന്നു ടെസ്ല ആഗോളതലത്തില്‍ കാറിന്റെ വിപണനം ആരംഭിക്കും. ടെസ്ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറായ 'മോഡല്‍ ത്രീ'യുമായി ഇന്ത്യയ്ക്കു പുറമെ ന്യൂസീലന്‍ഡ്, ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മസ്കിനു പദ്ധതിയുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.