തലൈക്കൂത്തൽ: വൃദ്ധരെ കൊല്ലുന്ന ആചാരം!
September 11,2017 | 09:45:00 am
Share this on

തമിഴ്‌നാട്ടിലെ വിരുദുനഗര്‍, തേനി, മധുര തുടങ്ങിയ ജില്ലകളിൽ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമായ ദുരാചാരമാണ് തലൈകൂത്തല്‍ . വൃദ്ധരെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ കൊല്ലുന്ന പരമ്പരാഗതമായ ആചാരമാണിത്. നേരത്തെ മദ്രാസ് സര്‍വകലാശാലയിലെ ക്രിമിനോളജി വിഭാഗം അസിസ്റ്റന്റ് പ്രഫ. എം. പ്രിയംവദ നടത്തിയ പഠനത്തിൽ ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

ആയുധങ്ങൾ യാതൊന്നും ഉപയോഗിക്കാതെ ചോര ചിന്താതെയുള്ള ദയാവധമാണ് തലൈക്കൂത്തൽ. ആചാരത്തിന്റെ ഭാഗമായാണ് ഭൂരിഭാഗം ആളുകളും ഇതിനെ കാണുന്നത്. പരമ്പരാഗത രീതികളിലൂടെയായിരുന്നു മുമ്പ് ജീവനെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ മാരകവിഷവും ഉറക്കഗുളികയും ഒക്കെയാണ് ആളെ കൊല്ലാന്‍ ഉപയോഗിക്കുന്നത്. മുമ്പു ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേര്‍ത്തു പരസ്യമായാണ് ഇതു നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ ദുരാചാരം നടപ്പാക്കുന്നത് വളരെ രഹസ്യമായാണ്.

യഥാർത്ഥത്തിൽ എണ്ണ തേച്ചു കുളി എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് തലൈക്കൂത്തൽ. ദയാവധത്തിന് ഇരയാക്കേണ്ടയാളെ അതിരാവിലെ തലയിലും ശരീരത്തിലും ധാരാളം എണ്ണ ഒഴിച്ച് കുളിപ്പിക്കും. തണുത്ത വെള്ളത്തിലാണ് കുളിപ്പിക്കുന്നത്. ഈ സമയം തലയില്‍ ധാരാളമായി വെള്ളം ഒഴിക്കും. തല നല്ലപോലെ തണുത്ത് ശരീരത്തിലെ താപനില കുറയുന്നതിനും പനിയും ജ്വരവും പെട്ടെന്ന് പിടിപെടുന്നതിനും വേണ്ടിയാണിത്. കുളി കഴിഞ്ഞ് ലിറ്റർ കണക്കിന് കരിക്കിൻ വെള്ളം കുടിപ്പിക്കുകയും ചെയ്യും. ഇതുകൂടിയാകുമ്പോൾ കടുത്ത പനി ബാധിച്ച് വൃക്കകൾ തകരാറിലായി ചിലപ്പോൾ മണിക്കൂറുകൾക്കകം തന്നെ മരണം സംഭവിക്കും. വൃദ്ധഹത്യയ്ക്ക് അവലംബിക്കുന്ന പ്രധാന രീതി ഇതായതു കൊണ്ടായിരിക്കണം ചടങ്ങിന് തലൈക്കൂത്തൽ എന്ന പേര് വന്നത്.

തലയിൽ തണുത്ത വെള്ളം കൊണ്ട് മസാജ് ചെയ്യുന്നതാണ് മറ്റൊരു രീതി. ശരീരതാപനില പൊടുന്നനെ താഴുന്നതോടെ ഹൃദയം സ്തംഭിക്കുന്നു. മണ്ണു കലക്കി കുടിപ്പിക്കുക, മൂക്കടച്ച് പാല്‍ കുടിപ്പിക്കുക തുടങ്ങിയ വിദ്യകളുമുണ്ടത്രേ. ചിലപ്പോള്‍ മൂക്കിലേക്ക് പശുവിന്‍പാല്‍ നിര്‍ബന്ധപൂര്‍വം ഒഴിച്ച് ശ്വാസതടസവും സൃഷ്ടിക്കും. ബലംപ്രയോഗിച്ചോ നിര്‍ബന്ധപൂര്‍വമോ തലൈക്കൂത്തൽ നടപ്പിലാക്കുന്നതിന് ഇത്തരത്തിൽ 26 വ്യത്യസ്ത രീതികളാണുള്ളത്. പന്നികളെ കൊല്ലാനുപയോഗിക്കുന്ന ഗുളികകളും സാധാരണമാണ്.

പല ഗ്രാമങ്ങളിലും ഈ കൃത്യം നിര്‍വഹിക്കാന്‍ പ്രത്യേകം ആളുകള്‍ പോലുമുണ്ട്.  തലൈക്കൂത്തല്‍ എന്ന ആചാരം നടത്തുന്നതിനായി ഇടനിലക്കാരുടെ ശൃംഖലയും പ്രവര്‍ത്തിക്കുന്നു. നിശ്ചിത തുക കൈപ്പറ്റി വിഷം കുത്തിവയ്ക്കുകയാണ് ഇത്തരക്കാര്‍ ചെയ്യാറുള്ളത്. ഗ്രാമങ്ങളിലെ മുറിവൈദ്യന്‍മാര്‍ പണം കൈപ്പറ്റി വിഷം കുത്തിവയ്ക്കുന്ന രീതിയും വ്യാപകമാണ്. ദരിദ്ര കുടുംബങ്ങൾ ചിലപ്പോൾ കടം വാങ്ങിയാണ് തലൈക്കൂത്തൽ നടത്തുന്നത്. വർഷങ്ങളോളം ഒരു കിടപ്പുരോഗിയെ നോക്കുന്നതിന്റെ അത്ര വരില്ലല്ലോ, 4000-5000 രൂപ കൊടുത്ത് ചടങ്ങ് നടത്തിക്കുന്നത് എന്നാണ് ഇവരുടെ പക്ഷം.

പ്രായമായവരെ സംബന്ധിച്ച ഉത്കണ്ഠ, വൃദ്ധരുടെ ശാരീരികവും മാനസികവുമായ ദുര്‍ബലത, മോശം സാമ്പത്തിക സ്ഥിതി എന്നിങ്ങനെ പല കാരണങ്ങളാണ് പ്രായമായവരെ മരണത്തിന് വിധേയമാക്കുന്നതിന് പിന്നില്‍. അതേസമയം മറ്റ് നേട്ടങ്ങള്‍ക്ക് വേണ്ടി വൃദ്ധരെ കൊല്ലുന്നവരുമുണ്ട്. അച്ഛന്റെ സര്‍ക്കാര്‍ ജോലി നേടുന്നതിനു വേണ്ടിയാണ് തേനി ജില്ലയില്‍ ഒരു മകന്‍ തലൈക്കൂത്തൽ നടത്തിയത്.

വോട്ട് ബാങ്കുകളെ ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഇതിലിടപെടാറില്ല. അതിനാൽതന്നെ പോലീസും കാര്യമായി ഇതിനു ചെവികൊടുക്കാറില്ല. സന്നദ്ധപ്രവർത്തകർ ഇവിടെ സജീവമായി ബോധവത്കരണം നടത്തുന്നതിലൂടെ പല ദയാവധങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇവരുടെ അറിവിൽപ്പെടാതെ ഇപ്പോഴും നിരവധി വൃദ്ധഹത്യകൾ നടക്കുന്നു. 

RELATED STORIES
� Infomagic - All Rights Reserved.