മുത്തലാഖ് ബില്ലില്‍ ബഹളം: രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു
January 03,2018 | 05:17:06 pm
Share this on

ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ പ്രക്ഷുബ്‌ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. മുത്തലാഖ് ബിൽ പരിഗണിക്കുന്നതിനിടെ ബില്‍ സെലക്ട് കമ്മീറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ ഭരണപക്ഷം ശക്തിയായി എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ സഭയിൽ വാഗ്‌വാദവുമുണ്ടായി. ഒടുവില്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു 

ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും പ്രമേയം അവതരിപ്പിച്ചതാണ് സഭയിൽ ബഹളത്തിനിടയാക്കിയത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമയാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചത്. അതേസമയം ബിൽ വ്യാഴാഴ്ച രാജ്യസഭ വീണ്ടും പരിഗണിക്കും.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിനെ ലോക്സഭയിൽ പിന്തുണച്ച പ്രതിപക്ഷം രാജ്യസഭയിൽ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റിലി പറഞ്ഞു. ബിൽ പാസാക്കുന്നത് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയം ചട്ടവിരുദ്ധമാണെന്നും ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കിൽ ഒരു ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ പ്രതിപക്ഷം പറയുന്പോൾ സെലക്ട് കമ്മിറ്റിയെ രൂപീകരിക്കാനാവില്ലെന്നും ജയ്റ്റ്ലി വ്യക്തമാക്കി. 

ജയ്റ്റ്ലിയുടെ മറുപടിയോടെ പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ ബഹളമുണ്ടാക്കി. ഇതോടെയാണ് സഭ ഇന്നത്തേക്കു പിരിഞ്ഞത്.

RELATED STORIES
� Infomagic - All Rights Reserved.