യുപിയില്‍ സ്‌കൂള്‍ ബാഗ് മുതല്‍ ബസ് വരെ കാവിവത്കരിച്ച് യോഗി......
October 12,2017 | 10:17:46 am
Share this on

ലഖ്‌നൗ: കാവി നിറം പൂശിയ സര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 50 ബസുകള്‍ യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഗ്രാമീണ മേഖലയില്‍ ഓടുന്ന ബസ്സിന് 'സങ്കല്‍പ് സേവ' എന്നാണ് പേരിട്ടിരിക്കുന്നത്. ചടങ്ങിന്റെ വേദി കാവി നിറത്തിലായിരുന്നു. ഫ്‌ലാഗ് ഓഫിന് ഒരുങ്ങിയ ബസും ബസുകളില്‍ അലങ്കരിച്ച ബലൂണുകളും കാവി നിറത്തിലായിരുന്നു. കാണ്‍പുര്‍ വര്‍ക്കഷോപ്പില്‍ വെച്ചാണ് ബസുകളുടെ നിറം മാറ്റിയത്. സംസ്ഥാനത്തെ മറ്റ് ബസുകള്‍ കൂടി കാവി നിറത്തിലേക്ക് താമസിയാതെ ചുവടു മാറും. തന്റെ കസേര വിരിയുടെ നിറവും കാര്‍ സീറ്റിന്റെ കവറിന്റെ നിറവും കാവിയാക്കി മാറ്റിക്കൊണ്ട് ഉത്തര്‍പ്രദേശില്‍ നിറം മാറ്റത്തിന് തുടക്കമിട്ട് യോഗി ആദിത്യനാഥ്. സ്വന്തം സീറ്റില്‍ തുടങ്ങിയ നിറം മാറ്റം സര്‍ക്കാര്‍ ബുക്ക്‌ലെറ്റുകളിലേക്കും സ്‌കൂള്‍ ബാഗുകളിലേക്കും ബസുകളിലേക്കും വരെ വ്യാപിച്ചു.

വിദ്യാഭ്യാസ വകുപ്പ് അടുത്തിടെയാണ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം പതിപ്പിച്ച സ്‌കൂള്‍ ബാഗുകള്‍ മാറ്റി പകരം കാവി നിറമുള്ള ബാഗുകളാക്കി മാറ്റിയത്. ഓഗസ്റ്റ് 29ന് സര്‍ക്കാര്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് നല്‍കിയ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പോലും കാവി നിറമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് നല്‍കുന്ന ലക്ഷ്മണ്‍, റാണി ലക്ഷ്മി ഭായ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകളുടെ പശ്ചാത്തലത്തിന് കാവി നിറമാണ് നല്‍കിയിരുന്നത്. അവാര്‍ഡ് ജേതാക്കളെ വിവരിച്ചു കൊണ്ടുള്ള ബുക്കലെറ്റിനും കാവി നിറമായിരുന്നു.സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തീകരിച്ചപ്പോഴും ആറുമാസം പൂര്‍ത്തീകരിച്ചപ്പോഴും പുറത്തിറക്കിയ ബുക്ക്‌ലെറ്റിനും കാവി ഛായയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറും വിലാസവും ഉള്‍ക്കൊള്ളിച്ച ഡയറിയ്ക്ക് നല്‍കിയ നിറവും കാവിയായിരുന്നു.
എസ് പി സര്‍ക്കാരിന്റെ കാലത്ത് ചുവന്ന നിറവും മായാവതിയുടെ കാലത്ത് നീല നിറവും ഉണ്ടായിരുന്ന ഡയറിയാണ് കാവിയിലേക്ക് ചുവടു മാറിയത്.സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഐഡികാര്‍ഡിന്റെ നീല സ്ട്രാപ്പു വരെ യോഗി ആദിത്യനാഥ് ഭരണത്തിലേറിയ ശേഷം കാവിയാക്കി മാറ്റി. 'എല്ലാ നിറവും ഞങ്ങള്‍ക്കിഷ്ടമാണ്. പക്ഷെ കാവിയാണ് ഞങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് ആ നിറം. ദേശീയ പതാകയില്‍ പോലുമുണ്ട് കാവി', മന്ത്രിയും സര്‍ക്കാരിന്റെ വക്താവുമായ ശ്രീകാന്ത് ശര്‍മ്മ വിഷയത്തോട് പ്രതികരിച്ചു. കാവിയാക്കാന്‍ ബോധപൂര്‍വ്വ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും ഇതെല്ലാം യാദൃശ്ചികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

RELATED STORIES
� Infomagic - All Rights Reserved.