ഗോരഖ്പുര്‍ ദുരന്തം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു
August 12,2017 | 09:39:34 pm
Share this on

പട്‌ന: ഗോരഖ്പുര്‍ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചിരിക്കന്നത്. സംഭവത്തില്‍ ഓക്‌സിജന് വിതരണക്കാരുടെ പങ്ക് പരിശോധിക്കാനാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഓക്‌സിജന്‍ വിതരണത്തിനായി മുന്‍സര്‍ക്കാരിന്റെ കാലത്തെ നടപടികളും പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഗോരഖ്പുരിലെ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 33 കുട്ടികള്‍ മരിച്ചത് പുറത്തുവന്നിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ ആദിത്യനാഥിന്റെ ആദ്യത്തെ പ്രതികരണമാണ് ഇന്ന് വൈകിട്ട് ഉണ്ടായത്. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു. അതേസമയം ഇത്രയും കുട്ടികള്‍ മരിക്കാനിടയായത് ഓക്‌സിജന്‍ ലഭിക്കാതെ വന്നതുകൊണ്ടുമാത്രമല്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES
� Infomagic - All Rights Reserved.