'അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന്' വി.ടി ബല്‍റാം തുറന്ന് പറുമ്പോള്‍...അത് ഗുണം ചെയ്യുന്നതാര്‍ക്ക്?....
October 12,2017 | 11:26:27 am
Share this on

ടിപി വധ ഗൂഢാലോചനക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കിട്ടിയ പ്രതിഫലമാണ് സോളാര്‍ക്കേസെന്ന് വിടി ബല്‍റാം എം.എല്‍.എ തുറന്ന് പറയുമ്പോള്‍ സത്യത്തില്‍ കേരള രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് പോലും അത് ഞെട്ടലാണുണ്ടാക്കുന്നത്.

കോണ്‍ഗ്രസ്സ് നോതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വി.ടി ബല്‍റാം എം.എല്‍.എ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്നത്.

''ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.''
വി.ടി ബല്‍റാം

മേല്‍പറഞ്ഞവാക്കുകളില്‍ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ യുവ നേതാവ് തന്നെ തുറന്ന് പറയുകയാണ് കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമുണ്ടെന്ന്. കാലങ്ങളായി ബി.ജെ.പി കേരളത്തിലുന്നയിക്കുന്ന ആരോപണങ്ങളാണ് ബല്‍റാമിന്റെ നാവിലൂടെ പുറത്ത് വരുന്നത്. അല്ലെങ്കില്‍ ശരിവെയ്ക്കുന്നത്.

'കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ 'കോണ്‍ഗ്രസ് മുക്ത കേരളം' എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.''
വി.ടി ബല്‍റാം

കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ബി.ജെ.പിയെ സി.പി.എം വിരുന്നൂട്ടുമെന്നാണ് ബല്‍റാം പറയുന്നത്. ഫലത്തില്‍ വി.ടി ബല്‍റാമിന്റെ ഈ പ്രസ്താവന ബി.ജെപിയ്ക്ക് കച്ചിതുരുമ്പാകുമെന്നതില്‍ ആര്‍ക്കാണ് സംശയം. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന് ബല്‍റാം പറയുമ്പോള്‍ സോളാര്‍ ഷോക്കേറ്റ് നില്‍ക്കുന്ന കോണ്‍ഗ്രസ്സിന് അത് വീണ്ടും ഇരുട്ടടിയായെന്ന് മാത്രമല്ല, ബി.ജെപിയ്ക്ക് ബല്‍റാം വീണ്ടും കോണ്‍ഗ്രസ്സിനെ തന്നെ അടിയ്ക്കാന്‍ നല്‍കിയ വടിയുമായി മാറുകയാണ് ഈ പ്രസ്താവന. ഈ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുന്ന നേതാവായി പിണറായിയെ ബല്‍റാം അറിയാതെ തന്നെ ആ സ്ഥാനത്തേക്ക് അവരോധിക്കുകയും ചെയ്യുന്നു എന്നതാണ് ഈ പോസ്റ്റിന്റെ ആത്യന്തികഫലം. 

RELATED STORIES
� Infomagic - All Rights Reserved.