എന്താണ് വയര്‍ലെസ് ചാര്‍ജ്ജിങ്?
September 14,2017 | 10:36:40 am
Share this on

നിരവധി പ്രത്യേകതകളുമായാണ് ഐഫോണിന്‍റെ പുതിയ പതിപ്പുകള്‍ വരുന്നത്. അതില്‍ ശ്രദ്ധേയമായതാണ്, വയര്‍ലെസ് ചാര്‍ജ്ജിങ് സംവിധാനം- പക്ഷെ, ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുക? മറ്റു ചാര്‍ജ്ജിങ് സംവിധാനവുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? നോക്കാം.

എങ്ങനെ ചാര്‍ജ്ജ് ചെയ്യാം?

പേരിലുള്ളതു പോലെ, വയര്‍ (കേബിള്‍)) ആവശ്യമില്ലാതെ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനമാണിത്. സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പ്ലഗിലേക്ക് കണക്‌ട് ചെയ്യേണ്ടതില്ല. പ്രത്യേകമായ ചട്ടയിലോ ടേബിള്‍ടോപിലോ ഫോണ്‍ വച്ചാല്‍ ചാര്‍ജ്ജായിക്കോളും.

ചെയ്യേണ്ട കാര്യങ്ങള്‍

രണ്ടു കാര്യങ്ങളാണ് വേണ്ടത്. ഒന്ന്, വയര്‍ലെസ് ചാര്‍ജ്ജിങ് സംവിധാനമുള്ള സ്മാര്‍ട്ട്ഫോണ്‍. ഉദാ: ഐ ഫോണ്‍ 8, ഐ ഫോണ്‍ X, സാംസങ് ഗ്യാലക്സി എസ്8.

രണ്ട്, വയര്‍ലെസ് ചാര്‍ജ്ജര്‍. പലതരത്തിലും വലുപ്പത്തിലും വയര്‍ലെസ് ചാര്‍ജ്ജറുകളുണ്ട്. മൗസ് മാറ്റിന്‍റെ വലുപ്പമുള്ളതും ചെറിയ ഡിസ്കിന്‍റെ വലുപ്പത്തിലുള്ളതുമുണ്ട്. 1000 രൂപയില്‍ താഴെ ഇതു ലഭ്യമാണ്.

സ്പീഡ് 

കേബിളില്‍ ചാര്‍ജ്ജ് ചെയ്യുന്നതിനേക്കാള്‍ വേഗത കുറവാണ് അധിക വയര്‍ലെസ് ചാര്‍ജ്ജറുകള്‍ക്കും. ഗ്യാലക്സി എസ്8 ല്‍ ഫാസ്റ്റ് ചാര്‍ജ്ജിങ് സംവിധാനമുണ്ടെങ്കില്‍ പോലും വേഗത കുറവാണ്. ചിലത് വേഗത കൂടിയതുമുണ്ട്.

പ്രവര്‍ത്തനരീതി

ക്യു.ഐ ടെക്നോളജി ഉപയോഗിച്ചാണ് ഐ ഫോണില്‍ ചാര്‍ജ്ജിങ് സംവിധാനം. ഫോണിന്‍റെ പുറകിലുള്ള ഇലക്ടോമാഗ്നറ്റ് ഇന്‍ഡക്ഷന്‍ വഴി ചാര്‍ജ്ജറില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചാണ് ചാര്‍ജ്ജ് ചെയ്യുന്നത്. തുടര്‍ച്ചയായി ഇലക്‌ട്രോമാഗ്നറ്റ് ഉണ്ടാക്കുവാനായി ഇന്‍ഡക്ഷന്‍ കോയിലുകളാണ് ചാര്‍ജ്ജറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ നിന്നു സ്വീകരിക്കുന്ന ഊര്‍ജ്ജം ഫോണിലുള്ള കോയില്‍ ബാറ്ററിയിലേക്കു വേണ്ട വൈദ്യുതിയായി മാറ്റുകയാണ് ചെയ്യുന്നത്.

ഫോണ്‍ ചൂടാകുന്നുണ്ടോ?

അതെ, ഫോണിന്റെ പിറകുവശം അല്‍പ്പം ചൂടാവുന്നുണ്ട്. ചില ചാര്‍ജ്ജറുകളും ചൂടാവുന്നുണ്ട്. സാധാരണ കേബിള്‍ വഴി ചാര്‍ജ്ജ് ചെയ്യുമ്പോഴും ഫോണ്‍ ചൂടാവുമെന്നതിനാല്‍ ഇതു വലിയ പ്രശ്നമാണെന്നു തോന്നുന്നില്ല.

പോരായ്മകള്‍

വയര്‍ലെസ് ചാര്‍ജ്ജറുകളുടെ വലിയൊരു പോരായ്മ, മെറ്റല്‍ പ്രതലത്തിലുള്ള ഗാഡ്ജറ്റുകളില്‍ പ്രവര്‍ത്തിക്കില്ലെന്നതാണ്. പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവയുടെ പ്രതലമാണ് വേണ്ടത്. കട്ടിയുള്ള കേയ്സുകളും ഉപയോഗിക്കാനാവില്ല.

RELATED STORIES
� Infomagic - All Rights Reserved.